മസ്കത്ത്: അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യങ്ങളില്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി പാമ്പുകള്‍ താരതമ്യേന തണുത്ത സ്ഥലങ്ങള്‍ തേടും. അതുകൊണ്ടുതന്നെ ജനവാസ മേഖലകളില്‍ അവ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ജനവാസ മേഖലകളില്‍ നിന്ന് പാമ്പുകളെ അകറ്റാന്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി പ്രത്യേക സ്‍നേക് റിപ്പലന്റുകളും ഗ്ലൂ ട്രാപ്പുകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ പാമ്പുകളുടെ ഭീഷണി ഇല്ലാതാക്കാന്‍ പ്രത്യേക നടപടികളും സ്വീകരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പാമ്പുകളെ കാണുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളിന്മേലും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പാമ്പുകളെ പിടിച്ച് അവയ്ക്ക് പര്യാപ്തമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയില്‍ അവയെ തുറന്നുവിടുകയാണ് ചെയ്യുന്നത്.
പാമ്പുകളെ കണ്ടാല്‍ അവയില്‍ നിന്ന് അകലം പാലിക്കുകയും കുട്ടികളും വളര്‍ത്തുമൃഗങ്ങളും അവയില്‍ നിന്ന് അകലെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പ്രകൃതിയിലെ ആവാസ വ്യവസ്ഥകളുടെ സന്തുലനം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ പാമ്പുകളെ പരമാവധി കൊല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പാമ്പുകളെ കണ്ടാല്‍ മുനിസിപ്പാലിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1111 ല്‍ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്. പാമ്പുകളുടെ കടിയേറ്റാല്‍ പരിഭ്രമിക്കാതെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കണം. കടിയേറ്റ മുറിവില്‍ മര്‍ദം പ്രയോഗിക്കരുതെന്നും അറിയിപ്പിലുണ്ട്.