കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പൊലീസ് സംഘവും ആദിവാസികളും ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മേപ്പാടിയിൽനിന്നുള്ള പൊലീസ് സംഘമെത്തി ഉൾക്കാട്ടിലൂടെ നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്.
പിന്നീട് അവിടെനിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചെങ്കുത്തായ മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്കരമായ സാഹചര്യത്തിലാണ് നിലമ്പൂർ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടുപോയത്. സ്ട്രച്ചറിലൂടെ കൊണ്ടുപോകുന്നത് അസാധ്യമായതിനാൽ തുണിയിൽ കെട്ടിയാണ് മൃതദേഹം ചുമന്നത്.
പൊലീസ് സംഘത്തിൽ മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ സിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അമ്പിളി, സിവിൽ പൊലീസ് ഓഫിസർമാരായ ഷമീർ, റഷീദ് എന്നിവരാണുണ്ടായിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരായ ഹരിലാൽ, വിനോജ് മാത്യു, ഫോറസ്റ്റ് വാച്ചർമാരായ മനോജ്, ബേബി, അനീഷ്, സുനിൽ എന്നിവരും സഹായത്തിനുണ്ടായിരുന്നു.
അതേസമയം, മൃതദേഹം പുറത്തെത്തിക്കാനോ മറ്റോ ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.