കൊച്ചി : റെയിൽവേ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ സ്ലീപ്പർ ടിക്കറ്റുകൾ കിട്ടാനില്ല. പകൽസമയങ്ങളിലെ യാത്രയ്‌ക്ക് ഏറെ സഹായമായ ടിക്കറ്റ് സംവിധാനമാണ് അനൗദ്യോ ഗികമായി നിർത്തലാക്കുന്നത്. ഇതോടെ കാലുകുത്താൻ ഇടമില്ലാതിരുന്ന ജനറൽ കമ്പാർട്ട്‌മെന്റുകളിൽ കയറിപ്പറ്റാൻപോലും കഴിയാതെ വലയുകയാണ് യാത്രക്കാർ. ജീവനക്കാരെ ഒഴിവാക്കി, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സംവിധാനം നടപ്പാക്കുന്നതിനുമുന്നോടിയായാണ് കൗണ്ടറുകൾവഴിയുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ വിതരണം നിർത്തലാക്കുന്നത്.
ചില സ്‌റ്റേഷനുകളിൽമാത്രമാണ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ദീർഘദൂര ട്രെയിനുകൾ കേരളത്തിൽനിന്ന് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഒഴിവുവരുന്ന സെക്കൻഡ് ക്ലാസ് സ്ലീപ്പർ കമ്പാർട്ട്‌മെന്റുകളിലാണ് പകൽയാത്രക്കാർക്ക് സ്ലീപ്പർ ടിക്കറ്റ് നൽകിയിരുന്നത്. കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുത്താൽ സെക്കൻഡ് ക്ലാസ് കമ്പാർട്ട്‌മെന്റുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമായിരുന്നു. സംസ്ഥാനത്തെ ട്രെയിനുകളിലെ യാത്രാത്തിരക്ക് കണക്കിലെടുത്താണ് ഇത് ഏർപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 155 രൂപയും കണ്ണൂരിലേക്ക് 260 രൂപയുമായിരുന്നു സ്ലീപ്പറിലെ നിരക്ക്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്കുകീഴിലുള്ള ചില സ്‌റ്റേഷനുകളിൽമാത്രമേ ഇപ്പോൾ ഈ സൗകര്യമുള്ളൂ. ഈ സൗകര്യം ഇല്ലാതായതോടെ, യാത്രക്കാർ ജനറൽ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി, ടിടിആറിനെ കണ്ടെത്തി സീറ്റ് ഒഴിവുണ്ടെങ്കിൽ കൂടുതൽ പണം നൽകി സ്ലീപ്പർ ടിക്കറ്റ് എടുക്കണമെന്നതാണ് റെയിൽവേയുടെ പരിഷ്‌കാരം.
മെമുവും കറന്റ് ബുക്കിങ്ങും വ്യാപകമാക്കണം
സംസ്ഥാനത്തെ ട്രെയിൻയാത്രാ ദുരിതം പരിഹരിക്കുന്നതിന് മെമു സർവീസുകളുടെ എണ്ണം ഉടൻ വർധിപ്പിക്കണമെന്ന് റെയിൽവേ യാത്രക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽപേർ ട്രെയിൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത് കേരളത്തിലാണ്. നിലവിലെ യാത്രാദുരിതം പരിഹരിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് ലോക്കൽ മെമു സർവീസ് കൂടുതലായി ഏർപ്പെടുത്തണം. ഓൺലൈനിലൂടെയുള്ള കറന്റ് ബുക്കിങ് സംവിധാനം കൂടുതൽ സൗകര്യപ്രദമായി മുഴുവൻ ട്രെയിനുകളിലും നടപ്പാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു