ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വില, 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ച് തിരുവനന്തപുരം മില്‍മ

news image
Dec 19, 2024, 2:41 pm GMT+0000 payyolionline.in

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു) ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബര്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചത്. യൂണിയന്‍റെ 38-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.

വാര്‍ഷിക പൊതുയോഗം 2024-25 വര്‍ഷത്തേക്ക് 1474 കോടി രൂപയുടെ റവന്യൂ ബജറ്റും 52 കോടി രൂപയുടെ മൂലധന ബജറ്റും പാസ്സാക്കി. യൂണിയന്‍റെ നിയമാവലി ഭേദഗതികള്‍ യോഗം  അംഗീകരിച്ചു. അധിക പാല്‍വിലയായ 15 രൂപയില്‍ 10 രൂപ കര്‍ഷകര്‍ക്കും 3 രൂപ സംഘങ്ങള്‍ക്കും ലഭിക്കും. 2 രൂപ സംഘങ്ങള്‍ക്ക് യൂണിയനിലുള്ള ഓഹരികളായി മാറ്റും. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിന് 59.98 രൂപയായി വര്‍ധിക്കും. തിരുവനന്തപുരം മില്‍മയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അധിക പാല്‍വിലയാണിത്. 13 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്. 2023 ഡിസംബര്‍ മുതല്‍ ഇതുവരെ 20 കോടി രൂപ അധിക പാല്‍വിലയായി നല്‍കിയതിനു പുറമെയാണിത്.

2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചാക്കൊന്നിന് 200 രൂപ വീതം കാലിത്തീറ്റ സബ്സിഡി നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 2024 ജനുവരി മുതല്‍ തുടര്‍ച്ചയായി ചാക്കൊന്നിന് 100 രൂപ വീതം കാലിത്തീറ്റ സബ്സിഡി നല്‍കിയിരുന്നു. യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മുരളി പി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.ജി വാസുദേവനുണ്ണി, കെ.ആര്‍ മോഹനന്‍ പിള്ള, പ്രതുലചന്ദ്രന്‍, ഡബ്ല്യുആര്‍ അജിത് സിംഗ്, എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ പുതുതായി നടപ്പിലാക്കിയ ക്ഷീര സുമംഗലി, ക്ഷീരസൗഭാഗ്യ, സാന്ത്വനസ്പര്‍ശം എന്നീ പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നായി 831 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe