തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടികയിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. താൻ വെക്കേണ്ടെന്ന് പറഞ്ഞയാളെ ബ്ലോക്ക് അധ്യക്ഷനാക്കിയെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി പുനഃസംഘടന എല്ലാവരെയും തൃപ്തിപ്പെടുത്തി നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീണ്ട ചർച്ചകൾക്കൊടുവിൽ സംസ്ഥാന കോൺഗ്രസിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെ.പി.സി.സി നേതൃത്വം തയാറാക്കിയത്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം ഒഴികെ ജില്ലകളിലെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികക്കാണ് അന്തിമരൂപം നൽകിയത്. സംസ്ഥാനത്ത് ആകെയുള്ള 285 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളിൽ തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ഏതാനും ബ്ലോക്കുകളിൽ മാത്രമാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഇതിനായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടുത്തയാഴ്ച വീണ്ടും ചർച്ച നടത്തും.
അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തു വന്നതിന് പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. തൃശൂർ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കൂടാതെ, പാർട്ടി നാമനിർദേശം ചെയ്ത പദവികളിൽ നിന്നും രാജിവെക്കുന്നതായി അജിത് കുമാർ അറിയിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി പി.ജെ. ജയദീപിനെ കെ.പി.സി.സി നിയമിച്ചിരുന്നു. ഇതിലുള്ള അഭിപ്രായ വ്യത്യാസമാണ് അജിത്തിന്റെ രാജിയിൽ കലാശിച്ചത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ നോമിനിയായാണ് ജയദീപിനെ നിയമനമെന്നാണ് ആരോപണം.