കോൺഗ്രസ് കൂടോത്ര പാര്‍ട്ടി; അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം തുടങ്ങും: എഎ റഹീം

news image
Jul 7, 2024, 5:13 am GMT+0000 payyolionline.in

തിരുവനന്തപുരം: കൂടോത്രം അടക്കം അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം. കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് എസ്എഫ്ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എംജി കോളേജിൽ മാധ്യമങ്ങൾ പോകാത്തതെന്തെന്നും കേരളത്തിലെ കലാലയങ്ങളിൽ വർഗീയ ശക്തികൾ കടന്നു വരാത്തത് എസ്എഫ്ഐ ഉള്ളതു കൊണ്ടാണെന്നും അധ്ദേഹം പറഞ്ഞു. എന്തെങ്കിലും പിശക് ഉണ്ടെങ്കിൽ അത് പ്രായത്തിന്റേതാണ്. ബിനോയ്‌ വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുന്നതിന് അപ്പുറത്ത് ഇടതുപക്ഷത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് അദ്ദേഹം മനസിലാക്കണമെന്നും ഏറ്റുമുട്ടലിലേക്ക് പോകുന്നില്ലെന്നും റഹീം പറഞ്ഞു.

നീറ്റ് – നെറ്റ് വിഷയത്തിൽ ലക്ഷക്കണക്കിന് മാതാപിതാക്കൾ ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നീറ്റ് യുജി കൗൺസിലിങ് തുടങ്ങിയിട്ടില്ല. നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രത്തിൻ്റേത്. ഓരോ ദിവസവും വിദ്യാർത്ഥികളെ ആശങ്കയിലേക്ക് കേന്ദ്രം വലിച്ചെറിയുന്നു. രാജ്യത്ത് നീറ്റ് നെറ്റ് കുംഭകോണം പുറത്ത് വന്ന ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. അനിശ്ചിതത്വത്തിൻറെ പൊരിവെയിലത്താണ് വിദ്യാർത്ഥികളും രക്ഷിതാക്കളുമുള്ളത്. രാജ്യവ്യാപകമായി ഈ സംഭവത്തിൽ ഡിവൈഎഫ്ഐ വലിയ പ്രതിഷേധം സംഘടിപ്പിക്കും. യോജിക്കാൻ പറ്റുന്നവരെ എല്ലാം പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe