പാലക്കാട്: കോൺഗ്രസിൽ തുടരുമെന്ന് പി. സരിൻ. സിവിൽ സർവിസിൽ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് താൻ. നാടിന്‍റെ നന്മക്കായി പ്രവർത്തിക്കുമെന്നും കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായ സരിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ സരിൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സരിൻ ഇടഞ്ഞതോടെ കോൺഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിൻ വാർത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.
‘ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവർത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും. വിമർശനം നേതൃത്വത്തിനെതിരെയാണ്. കോൺഗ്രസിന്‍റെ ഉള്ളിൽ ലയിച്ചുചേർന്നിരിക്കുന്ന ചില മൂല്യങ്ങളിൽ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാർട്ടിയിൽ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാർഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താൽ വലിയ വിലകൊടുക്കേണ്ടിവരും’ -സരിൻ പറഞ്ഞു.
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാർട്ടി ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നെന്ന് സരിൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും പരാതികൾ ചൂണ്ടിക്കാട്ടി കത്തയച്ചു. ചൊവ്വാഴ്ച രാവിലെയാണ് കത്ത് നൽകിയതെന്നും സരിൻ പറഞ്ഞു.