കോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി.
കോഴിക്കോട് ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് അന്വേഷണം പൂർത്തിയാക്കി തയാറാക്കിയ കുറ്റപത്രം ഉടൻ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കൊല നടന്ന് 90 ദിവസത്തിനുള്ളിലാണ് കുറ്റപത്രം തയാറാക്കിയത്. മൂന്നു പ്രതികളുള്ള കേസിൽ 187 സാക്ഷികളും കൊലക്കും മൃതദേഹം കഷണങ്ങളാക്കാനും ഉപയോഗിച്ച ആയുധങ്ങൾ, ഫോറൻസിക് പരിശോധനഫലങ്ങൾ, രേഖകൾ എന്നിവയടക്കം നൂറിലേറെ തൊണ്ടിമുതലുകളുമാണുള്ളത്. ഹണിട്രാപ് ഒരുക്കിയായിരുന്നു കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. കേസിലെ പ്രതികളായ പാലക്കാട് വല്ലപ്പുഴ ചെറുകോട് ആച്ചീരിത്തൊടി മുഹമ്മദ് സിബിൽ (23), ചെർപ്പുളശ്ശേരി ചളവറ കുട്ടുതൊടി കദീജത്തുൽ ഫർഹാന (18), മേച്ചേരി വല്ലപ്പുഴ വാലുപറമ്പിൽ മുഹമ്മദ് ആഷിഖ് (സിക്കു-26) എന്നിവർ ജയിലിലാണ്.
മേയ് 18നാണ് മൂവരുംകൂടി എരഞ്ഞിപ്പാലത്തെ ഹോട്ടൽ മുറിയിൽ സിദ്ദീഖിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജെ. ജീജോയാണ് ആദ്യം കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും. പിന്നീട് കേസ് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
കോഴിക്കോട് കുന്നത്തുപാലത്ത് ഹോട്ടൽ നടത്തിയ സിദ്ദീഖിനെ കാണാതായതായി കുടുംബം തിരൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. സിദ്ദീഖിനായുള്ള തിരച്ചിൽ നടക്കവെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതിന്റെ സന്ദേശം മകന്റെ മൊബൈൽ ഫോണിലേക്ക് വന്നതോടെ ദുരൂഹത ഉയർന്നു. തുടരന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
സിദ്ദീഖിൽനിന്ന് പണം തട്ടാനായി ഷിബിലി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ് ഒരുക്കി ഹോട്ടൽമുറിയിലെത്തിക്കുകയും ട്രാപ് തിരിച്ചറിഞ്ഞ് എതിർത്ത സിദ്ദീഖിനെ മൂവരും ചേർന്ന് കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആദ്യം ഷിബിലി ചുറ്റികകൊണ്ട് സിദ്ദീഖിന്റെ തലക്കടിച്ച് ചവിട്ടിവീഴ്ത്തുകയും തുടർന്ന് തലയണകൊണ്ട് മുഖം പൊത്തിപ്പിടിച്ച് മൂവരും ചേർന്ന് നെഞ്ചിലുൾപ്പെടെ ചെരിപ്പിട്ട് ചവിട്ടി കൊല്ലുകയുമായിരുന്നു.
പിന്നീട് മിഠായിത്തെരുവിലെ കടയിൽനിന്ന് ട്രോളി ബാഗും പുഷ്പ ജങ്ഷനിലെ കടയിൽനിന്ന് ഇലക്ട്രിക് കട്ടറും വാങ്ങിവന്ന് മൃതദേഹം മുറിച്ച് ബാഗിലാക്കി സിദ്ദീഖിന്റെ കാറിൽ കൊണ്ടുപോയി അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിലെ മന്ദംപെട്ടി തോട്ടിൽ തള്ളി. ഷിബിലിയും ഫർഹാനയും ചെന്നൈയിൽനിന്നാണ് പിടിയിലായത്. കൊലക്കുപയോഗിച്ച ആയുധവും മൃതദേഹവും തെളിവെടുപ്പിനിടെ പ്രതികൾതന്നെയാണ് പൊലീസിന് കാണിച്ചുകൊടുത്തത്.