കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 20 കിലോഗ്രാം കഞ്ചാവുമായി 2 ഒഡീഷ സ്വദേശികൾ പിടിയിലായി. എക്സൈസ് – ആർപിഎഫ് സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ സൂരജ്, മാനാ മുതലി എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. സാന്ദർകാച്ചി – മംഗലുരു എക്സ്പ്രസ് ട്രെയിനിൽ എത്തിയ ഇരുവരും രണ്ടാം പ്ലാറ്റ്ഫോമിൽ വെച്ചാണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പെട്ടവരാണിവരെന്ന് എക്സൈസ് അറിയിച്ചു. പരിശോധനക്ക് എക്സൈസ് കോഴിക്കോട് സർക്കിൾ ഇൻസ്പക്ടർ ചി രാജു, ആർപിഎഫ് ഇൻസ്പക്ടർ എൻ കേശവദാസ് എന്നിവർ നേതൃത്വം നൽകി. ഇന്നലെയും കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിലായിരുന്നു. കൊല്ലം ചിന്നക്കടയിൽ നടത്തിയ പരിശോധനയിലാണ് 1.266 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പരിതോഷ് നയ്യ (37) അറസ്റ്റിലായത്. വെസ്റ്റ് ബംഗാളില്‍ നിന്നും നിരന്തരം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ആളാണ് പ്രതി. തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്.