കോഴിക്കോട്: 475 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളുടെ കരാറെടുക്കാൻ അഞ്ച് പ്രമുഖ കമ്പനികൾ രംഗത്ത്. നവംബർ ആദ്യമാണ് ടെൻഡർ ഉറപ്പിക്കുക. അതുകഴിഞ്ഞ് നാലു മാസത്തിനകം നിർമാണം ആരംഭിക്കും. രണ്ടര വർഷമാണ് നിർമാണ കാലം.
ഇപ്പോഴത്തെ കെട്ടിടത്തിന്റെ 10 ശതമാനം മാത്രം നിലനിർത്തി ബാക്കി പൊളിച്ചുനീക്കുന്ന നടപടിയാണ് ആദ്യഘട്ടത്തിൽ. 46 ഏക്കറോളം സ്ഥലമാണ് പദ്ധതിക്കായി വിനിയോഗിക്കുക. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ വികസനമായിരിക്കും കോഴിക്കോട് വരുന്നത്.
നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും. അതോടൊപ്പം ഒയിറ്റി റോഡിലെ ഇടുങ്ങിയ റോഡും വികസിപ്പിക്കും. 20 ലിഫ്റ്റുകൾ, 24 എസ്കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫൂട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ, ഒരേസമയം 1,100 കാറുകൾക്കും 2,500 ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് സൗകര്യം കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി ഉണ്ടാവും.
48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻ വളപ്പിലെ മറ്റൊരു പ്രത്യേകത. നിലവിലെ അഞ്ച് മീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്കു പകരം 12 മീറ്റർ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും. കിഴക്കും പടിഞ്ഞാറുമുള്ള ടെർമിനലുകളെ ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്സിൽ ബിസിനസ് ലോഞ്ച് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
പാർക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽനിന്നും കോൺകോഴ്സിൽനിന്നും സ്കൈവാക്ക് സൗകര്യവും ഏർപ്പെടുത്തും. നിലവിലെ മുഴുവൻ റെയിൽവേ ക്വാർട്ടേഴ്സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ ക്വാർട്ടേഴ്സുകളാണ് നിലവിൽ വരുക. പടിഞ്ഞാറ് ഭാഗത്ത് 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രവും പദ്ധതിയിലുണ്ട്.
മൾട്ടിപ്ലക്സ്, ഓഫിസ് സൗകര്യങ്ങൾ, ദേശീയ-അന്തർദേശീയ വാണിജ്യ സമുച്ചയം തുടങ്ങിയവയും നവീകരണത്തിൽ അടങ്ങുന്നു. ഫ്രാൻസിസ് റോഡിൽനിന്നും നിലവിലെ നാലാമത്തെ പ്ലാറ്റ്ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ആർ.എം.എസ് കേന്ദ്രം, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ് തുടങ്ങിയവയും പദ്ധതിയിലുണ്ട്.