കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ

news image
Apr 12, 2025, 11:14 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് രൂപത ഇനി അതിരൂപത. കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർ​ഗീസ് ചക്കാലക്കലിനെ വത്തിക്കാൻ ആർച്ച് ബിഷപ്പായി ഉയർത്തി. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ.

തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനം നടത്തി. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe