തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
നിലവില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറി, യൂറോളജി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകള്‍ സജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5 സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാര്‍ച്ച് മാസത്തിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. 195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഏഴ് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ഭാവിയുടെ വികസനം കൂടി മുന്നില്‍ കണ്ടാണ് സജ്ജമാക്കിയത്. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്‌സിലറേറ്റര്‍, പെറ്റ് സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ഇത് കൂടാതെ കോഴിക്കോട് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.