കോഴിക്കോട്: പുല്ല് പറിക്കാൻ പോയ വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടൂർ മൂലാട് ചക്കത്തൂർ വിജയലക്ഷ്മി (64) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് സംശയിക്കുന്നത്. വീടിന് സമീപത്തെ വയലിലാണ് പുല്ല് പറിക്കാൻ പോയിരുന്നത്. ഇന്ന് രാവിലെയോടെ ഇവരുടെ മൃതദേഹം വയലിൽ കണ്ടെത്തുകയായിരുന്നു.
ഷോക്കേറ്റതാണ് മരണ കാരണമായതെന്നാണ് കരുതുന്നത്. സമീപത്ത് വൈദ്യുത ലൈൻ പൊട്ടിവീണു കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ലൈൻ പൊട്ടിവീണിട്ട് രണ്ട് മൂന്നു ദിവസമായെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് അയൽവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തെരച്ചിലിലാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മാധവൻ നായരുടെ ഭാര്യയാണ് വിജയലക്ഷ്മി. മക്കൾ – വിമേഷ് (റിട്ട. ആർമി ), വിജേഷ് (റെയിൽവേ ). മരുമക്കൾ: നിയ (മൊടക്കല്ലൂർ ), ഡോ. ഹിദ (ആയുർവേദ ആശുപത്രി, നന്മണ്ട ). മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മറ്റൊരു സംഭവത്തില്‍ കോഴിക്കോട് നടുവണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്പ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന രമ്യയും അനീഷും സഞ്ചരിച്ച സ്കൂട്ടർ ഇതേ ദിശയിലെത്തിയ സ്വകാര്യബസിലും എതിരെ വന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.