കോഴിക്കോട്: തീപിടിത്തം ഉണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കടകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ അനുമതി. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്നമില്ലെന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മേയറും വ്യാപാരികളും നടത്തിയ ചർച്ചയിലാണ് കടകൾ തുറക്കാൻ തീരുമാനമായത്.
ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതി കേബിളുകളും പാനൽ ബോർഡുകളും മുഴുവനായി മാറ്റി സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. മാലിന്യം നീക്കി കെട്ടിടം വൃത്തിയാക്കുന്നതിനുള്ള നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.
വ്യാഴാഴ്ച മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സൂപ്രണ്ടിങ് എൻജിനീയർ, പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് സ്ഥിരംസമിതി അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടെന്നും കാലഹരണപ്പെട്ടതായും ബുധനാഴ്ച കെ.എസ്.ഇ.ബി വിഭാഗവും കോർപറേഷൻ ഇലക്ട്രിക്കൽ വിങ്ങും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസ്, പി.ആർ.സി മെഡിക്കൽസ് എന്നിവയിലും തൊട്ടടുത്തുള്ള കടകളിലുമായിരുന്നു കഴിഞ്ഞ ഞായറാഴ്ച തീപിടിത്തമുണ്ടായത്. ഈ ഭാഗത്തെ താഴെ നിലയിലെ വയറിങ്ങിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
മാവൂർ റോഡ് ഭാഗത്തുള്ള കടമുറികളിൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാനാണ് കെട്ടിട ഉടമ കൂടിയായ കോർപറേഷൻ ശ്രമിക്കുന്നത്. പടിഞ്ഞാറുഭാഗം പൂർണമായും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.