കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ: ഏറ്റെടുത്ത ഭൂമിക്ക് പണം ലഭിക്കാതെ ഉടമകൾ; ലഭിക്കാനുള്ളത് 60 കോടി രൂപ

news image
Oct 18, 2025, 8:36 am GMT+0000 payyolionline.in

പാലക്കാട് : നിർദിഷ്ട കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് അതിവേഗപ്പാത നിർമാണത്തിനുള്ള ഭൂമിയെടുപ്പ് നടപടികളെല്ലാം പൂർത്തിയായി‌ട്ടും ഇനിയും പണം ലഭിക്കാതെ ഒട്ടേറെ ഭൂവുടമകൾ. 60 കോടിയോളം രൂപയാണ് ഇത്തരത്തിൽ പലർക്കുമായി ലഭിക്കാനുള്ളത്. ഭൂമിയെടുപ്പിനായുള്ള ‘ഭൂമിരാശി’ പോർട്ടലുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ ഭാഗത്താണ് വൈകലുണ്ടാകുന്നതെന്നാണ് ഭൂവുടമകൾ കുറ്റപ്പെടുത്തുന്നത്. റോഡ് നിർമാണത്തിന് ആവശ്യമായ 277 ഹെക്ടർ ഭൂമിയിൽ 268 ഹെക്ടറും റവന്യുവകുപ്പ് ഏറ്റെടുത്തു. ഏറ്റെടുത്തതിൽ ഏതാനും പേർക്കാണ് പണം ലഭിക്കാനുള്ളത്. ഭൂമി ഏറ്റെടുക്കൽ ‘ഭൂമിരാശി’ എന്ന പോർ‌ട്ടൽ വഴിയാക്കിയത് ഈ വർഷം മുതലാണ്. ആദ്യ ഘട്ടത്തിൽ ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനു കൈമാറിയ 1740 കോടി രൂപ ഉപയോഗിച്ചാണു ഭൂമിയെടുപ്പ് നടത്തിയത്. ഈ രീതി മാറിയതോടെ ഭൂമിയെടുപ്പിന് ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥൻ രേഖകളെല്ലാം ഉടമകളിൽ നിന്നു വാങ്ങി ഭൂമിരാശി പോർട്ടലിൽ അപ്‍ലോഡ് ചെയ്യും. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിൽ നിന്നു പരിശോധിച്ച ശേഷം ന്യൂഡൽഹിയിൽ ഉപരിതല ഗതാഗതമന്ത്രാലയത്തിൽ നിന്നു തുക അനുവദിക്കുന്നതാണു രീതിഎന്നാൽ ദേശീയപാത അതോറിറ്റിയുടെ രാജ്യത്തെ ഒട്ടേറെ പദ്ധതികളുടെ ഭൂമിയെടുപ്പ് ഈ പോർ‌ട്ടൽ വഴിയാണ്. അടുത്ത ദിവസങ്ങളിലായി ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ പോർ‌ട്ടലിൽ ഉണ്ടായിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പരാതികളും സംശയങ്ങളും റവന്യു ഉദ്യോഗസ്ഥർ വഴി തീർക്കാമെങ്കിലും പുതിയ രീതി വന്നതോടെ പ്രശ്നപരിഹാരം വൈകാൻ തുടങ്ങി. ആവശ്യത്തിന് ഉദ്യോഗസ്ഥർ ദേശീയപാത അതോറിറ്റിക്ക് ഇല്ലാത്തതും തുക വൈകുന്നതിന്റെ കാരണമായി. അതിവേഗ ഇടനാഴി ഇങ്ങനെ സേലം – കൊച്ചി ദേശീയപാതയിൽ മരുതറോഡ് പഞ്ചായത്തിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്ന് ആരംഭിച്ച് മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിൽ കുഞ്ഞുകുളത്താണ് ജില്ലയുടെ ഭാഗം അവസാനിക്കുക. തുടർന്ന് മലപ്പുറം ജില്ല വഴി കടന്നുപോയി കോഴിക്കോട് ദേശീയപാത 55ൽ പന്തീരാങ്കാവിൽ അവസാനിക്കും. 7937 കോടി രൂപ ചെലവിൽ അതിവേഗ ഇടനാഴിയായി വികസിപ്പിക്കുന്ന 121 കിലോമീറ്റർ പാത പൂർത്തിയാവുന്നതോടെ ഒന്നരമണിക്കൂറിൽ പാലക്കാട്ടു നിന്ന് കോഴിക്കോട്ട് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe