കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയിലെ 12 റോഡുകളുടെ വികസനത്തിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സിഡബ്ള്യുആർഡിഎം-പനാത്ത് താഴം റോഡിനെ ബന്ധിപ്പിക്കുന്ന സരോവരം മേൽപ്പാലത്തിന്റെ അതിർത്തിക്കല്ലിടലും റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തപരിശോധനയും പൂർത്തിയായി.
വൈകാതെ സ്ഥലമെടുപ്പിനുള്ള ഫോർവൺ വിജ്ഞാപനമിറങ്ങും. മേൽപ്പാലത്തിനുള്ള ഡിപിആർ നേരത്തേ തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം മാനഞ്ചിറ മുതൽ പാവങ്ങാടുവരെ 24 മീറ്ററിൽ ഏഴുകിലോമീറ്റർ റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലമെടുപ്പിന്റെ സർവേയും അവസാനഘട്ടത്തിലാണ്.
ഈ പാത വീതികൂട്ടുന്നതോടെ നഗരത്തിലെ ഏറ്റവും പ്രധാന പാതയായ കണ്ണൂർ റോഡിലെ യാത്രാദുരിതത്തിന് പരിഹാരമാവും. മാനാഞ്ചിറ-മുതൽ മലാപ്പറന്പ് വരെയുള്ള റോഡിന്റെ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
നാലുവരിയായാണ് നിർമിക്കുന്നത്. ഇത് പൂർത്തിയായി പിന്നാലെ മാനാഞ്ചിറ-പാവങ്ങാട് റോഡ് കൂടെ യാഥാർഥ്യമാവുന്നതോടെ നഗരത്തിലെ ഗതാഗത രംഗംതന്നെ മാറും. കരിക്കാംകുളം-സിവിൽസ്റ്റേഷൻ-കോട്ടൂളി റോഡാണ് സർവേ തുടങ്ങിയ നഗരത്തിലെ മറ്റൊരു പദ്ധതി.
കുന്ദമംഗലം, കോഴിക്കോട് നോർത്ത്, സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലായി 45.279കിലോമീറ്റർ റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്.