കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

news image
Feb 17, 2026, 1:47 pm GMT+0000 payyolionline.in

കോഴിക്കോട്: നഗരമധ്യത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം, ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. എന്നാൽ, കെട്ടിടത്തിന്റെ ഗ്ലാസുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് നിലവിൽ അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.  പതിനായിരം ചതുരശ്ര അടിയോളം വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നുപിടിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള വെഡ്ഡിങ് സെക്ഷൻ ഗോഡൗണിൽ നിന്നാണ് തീ ഉത്ഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നിമിഷങ്ങൾക്കകം തന്നെ തീ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരമധ്യത്തിലായതിനാൽ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു.  രണ്ടാം തവണയാണ് ടെക്സ്റ്റൈൽസ് അ​ഗ്നിക്കിരയാകുന്നത്. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe