കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾ തുറക്കേണ്ട: നിർദേശം നൽകി ജില്ലാ കളക്ടർ

news image
May 27, 2025, 11:15 am GMT+0000 payyolionline.in

കോഴിക്കോട്: സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പുതിയ അധ്യയന വർഷം കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്ന് നിർദേശം. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം നൽകിയത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിർദേശം.

കാലവർഷം ശക്തമായ സാഹചര്യത്തിൽ വിദ്യാർഥികളുടെയും അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ കർശന നിർദേശം നൽകിയിരുന്നു. കൂടാതെ, സ്‌കൂൾ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ഇവ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനായിരുന്നു സർക്കാർ നിർദേശം. ജില്ലയിലെ മറ്റെല്ലായിടങ്ങളിലും സ്‌കൂളുകൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെങ്കിലും കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തുകയോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തില്ലെന്ന് പരാതിയുയർന്നിരുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നതായി വിദ്യാഭ്യാസ ഉപ ഡയരക്ടർ യോഗത്തെ അറിയിച്ചു.അതേസമയം പുതിയ അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം പെരിങ്ങളം ജിഎച്ച്എസ്എസിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ രണ്ടിന് എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തും.
ലഹരി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്‌കൂളുകൾ, വിദ്യാർഥി സംഘർഷം നടക്കുന്ന സ്‌കൂളുകൾ എന്നിവ പ്രത്യേകം നിരീക്ഷിക്കാനും നടപടികൾ കർശനമാക്കാനും പോലീസ്, എക്സൈസ് വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe