കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ കടയടപ്പ് വിഷയത്തിൽ സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

news image
Mar 28, 2025, 4:11 am GMT+0000 payyolionline.in

കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനി ബൈപ്പാസിലെ കടകളില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ സംഘര്‍ഷം. നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയത് കടയുടമകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

ഭക്ഷണശാലകള്‍ സമൂഹവിരുദ്ധര്‍ താവളമാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ റെസിഡന്റ്‌സ് ഭാരവാഹികളും നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് രാത്രി 10-ന് ശേഷം ഭക്ഷണശാലകള്‍ അടപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാത്രി 10.30-ന് കടയടയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കടയുടമകള്‍ ഇത് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് 10.45-ഓടെ നാട്ടുകാര്‍ കടയടപ്പിക്കാന്‍ എത്തിയത്. ‘ദ ഡഞ്ച്’ എന്ന കടയില്‍ ആദ്യം കയറി പൂട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ കടയുടമകള്‍ എതിര്‍ത്തതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നീട് ഇരുസംഘങ്ങളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഷിന്‍, നിധീഷ്, ശരത്ത്, ഹാഷിം, അബു അമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനും മൂക്കിനുമാണ് ഇരുകൂട്ടര്‍ക്കും പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മാവൂര്‍ സ്റ്റേഷനുകളില്‍നിന്ന് പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കടക്കാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരിങ്ങാടന്‍പള്ളി, മെഡിക്കല്‍കോളേജ്, ചേവായൂര്‍ എന്നിവിടങ്ങളിലെ കൗണ്‍സിലര്‍മാരും മേഖലയിലെ രാഷ്ട്രീയപ്രതിനിധികളും കടയുടമകളും ചേര്‍ന്നുള്ള സര്‍വകക്ഷിയോഗത്തിലാണ് ഭക്ഷണശാലകള്‍ ഒരുമാസക്കാലം 10.30-ന് അടയ്ക്കാന്‍തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം അംഗീകരിക്കാന്‍സാധിക്കില്ലെന്ന് കടയുടമ അമീന്‍ വ്യക്തമാക്കി. കച്ചവടക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് ഇത്തരത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുത്തത്. കച്ചവടം നടക്കുന്നില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് കൂട്ടായി പരിഹരിക്കാമെന്നും അമീന്‍ പറഞ്ഞു.

ഒരുമാസം ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സബ് കമ്മിറ്റി രൂപവത്കരിച്ചു. വെള്ളിമാടുകുന്ന് കൗണ്‍സിലര്‍ ടി.കെ. ചന്ദ്രന്‍, മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ കെ. മോഹനന്‍, ചേവായൂര്‍ കൗണ്‍സിലര്‍ ഡോ. പി.എന്‍. അജിത എന്നിവരുടെ നേതൃത്വത്തിലാണ് സബ് കമ്മിറ്റി രൂപവത്കരിച്ചത്. ഓരോ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്ന് ഓരോരുത്തര്‍ കമ്മിറ്റിയുടെ ഭാഗമാകും.

അതിനുപുറമേ റോഡിന്റെ ഇരുവശങ്ങളിലുള്ള പാര്‍ക്കിങ്ങിലും പരിഹാരംകണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് കടയുടമകള്‍ പാര്‍ക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു. സെക്യൂരിറ്റി ജീവനക്കാരെ പാര്‍ക്കിങ്ങിനായി ചുമതലപ്പെടുത്തുകയോ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എഴുതിനല്‍കിയിട്ടുണ്ടുമുണ്ട്.

നൈറ്റ് ലൈഫിനെ എതിർക്കുന്നില്ല

ഇപ്പോഴത്തെ കുട്ടികളുടെ വൈബിനനുസരിച്ച് വളരാൻ ശ്രമിക്കുന്നവരാണ് ഞങ്ങളും. അവരുടെ നൈറ്റ് ലൈഫിനെയൊന്നും ആരും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, ആഘോഷങ്ങൾ അതിരുവിടരുത്. ഇവിടുത്തെ പ്രദേശവാസികളെല്ലാം ഭക്ഷണം കഴിക്കാൻ ഇരിങ്ങാടൻപള്ളിയിൽ പോയിട്ടുണ്ട്. എങ്കിലും രാത്രി വൈകി കടനടത്തുമ്പോൾ പുറത്തുനിന്ന് പലരും വന്ന് പുലർച്ചവരെ തമ്പടിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെതിരേയാണ് ഞങ്ങളുടെ പ്രതിഷേധം.- റെസിഡന്റ്‌സ്‌ അസോസിയേഷൻ അംഗം

പോലീസ് നിരീക്ഷണം കർശനമാക്കണം

ബീച്ചിലും നൈറ്റ് ലൈഫ് ആഘോഷിക്കാൻ വരുന്നവരുണ്ട്. അവിടെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി നടപടി വരുന്നുണ്ടല്ലോ? എന്തുകൊണ്ടാണത്. പോലീസ് നിരീക്ഷണം ബീച്ചിൽ ശക്തമായി നടക്കുന്നുണ്ട്. പോലീസ് പട്രോളിങ്ങുമുണ്ട്. അതുപോലെ ഇവിടെയും പോലീസിന്റെ നിരീക്ഷണം കർശനമാക്കണം.- പ്രദേശവാസി

മൂന്ന് ദിവസമായി കഷ്ടത്തിലാണ്

ഗൾഫിലുള്ള ജോലി ഉപേക്ഷിച്ച് 19 ലക്ഷം രൂപ മുടക്കിയാണ് ഇവിടെ ഒരു കട തുടങ്ങിയത്. വലിയ പ്രതീക്ഷയായിരുന്നു. ദിവസം വലിയൊരു പൈസ വാടക കൊടുക്കണം. പ്രതിദിനം 10,000 രൂപയെങ്കിലും കിട്ടിക്കൊണ്ടിരുന്ന ഞങ്ങൾക്ക് കഴിഞ്ഞദിവസം കിട്ടിയത് 1,500 രൂപയാണ്. ആരും വരുന്നില്ല. 5.30-നാണ് കട തുറക്കുന്നത്. 10.30-ന് കച്ചവടം ചെയ്യുന്നത് നിർത്തണമെന്നു പറഞ്ഞാൽ വലിയ കഷ്ടമാണ്.- കച്ചവടക്കാരൻ, ഇരിങ്ങാടൻപള്ളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe