കോഴിക്കോട്: ട്രാൻസ്ജെൻഡറിൽനിന്ന് താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ മുഹമ്മദ് റബീൻ (23), പെരിങ്ങളം ഇയ്യംപറമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊടുവള്ളി മുക്കാംചാലിൽ നിസാമുദ്ദീൻ (27), പതിമംഗലം പാലുമണ്ണിൽ അബ്ദുൽ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം മുഹമ്മദ് റാഫി (26) എന്നിവരെയാണ് മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടിയത്.
ഏപ്രിൽ 20ന് പുലർച്ച പ്രതി ജബ്ബാർ ട്രാൻസ്ജെൻഡറിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്ത് കുന്ദമംഗലം സിന്ധു തിയറ്ററിനടുത്തെത്തിയപ്പോൾ താക്കോൽ പിടിച്ചുവാങ്ങി മറ്റുപ്രതികൾക്ക് കൈമാറുകയായിരുന്നു. സ്കൂട്ടറുമായി കടന്നുകളയാനുള്ള അക്രമിസംഘത്തിന്റെ ശ്രമം ചെറുക്കവേ ട്രാൻസ്ജെൻഡറിനെ പ്രതികളിലൊരാൾ അടിച്ചുപരിക്കേൽപിക്കുകയും ചെയ്തു. കുന്ദമംഗലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ കവർന്ന സ്കൂട്ടറിൽ മൂന്നുപേർ നൊച്ചിപൊയിൽ ഭാഗത്തേക്ക് പോയതായി കാണുകയായിരുന്നു. ഇതിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ബാക്കി മൂന്നു പേരെക്കുറിച്ച് പൊലീസിന് വ്യക്തത വരുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് മറ്റു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷണം പോയ സ്കൂട്ടർ കൊടുവള്ളിയിലെ വർക്ക്ഷോപ്പിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ഒന്നാം പ്രതിയായ ജബ്ബാറിന് കുന്ദമംഗലം, കൊടുവള്ളി, മെഡിക്കൽ കോളജ് എന്നീ സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ കെ.വി. റഷീദ്, എം. ലാലിജ്, വിശാൽ വിശ്വനാഥ്, കുന്ദമംഗലം പൊലീസ് സ്റ്റേഷന്റെ അധികചുമതലയുള്ള ഇൻസ്പെക്ടർ പി. രാജേഷ്, സബ് ഇൻസ്പെക്ടർ എൻ.പി. വേണുഗോപാൽ, എ.എസ്.ഐ മഞ്ജിത്ത്, എസ്.സി.പി.ഒ വി.കെ. പ്രനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.