കൊണ്ടോട്ടി: കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയുമായി കൊണ്ടോട്ടി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രധാനപ്രതി വള്ളുവമ്പ്രം പൂക്കാട്ട് മന്‍സൂര്‍ (38) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
മുക്കം കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) ജൂലൈ 13ന് രാവിലെ ഏഴരയോടെ പുളിക്കല്‍ വലിയപറമ്പ് ആലുങ്ങലില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ തൃപ്പനച്ചിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. പുളിക്കല്‍ വലിയപറമ്പിലും തൃപ്പനച്ചിയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. മർദിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. തിങ്കളാഴ്ച വൈകുന്നേരം മലപ്പുറം കോടതിയില്‍ ഹാജരാക്കുമെന്ന് കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ അറിയിച്ചു. കള്ളക്കടത്ത് സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തതില്‍ സഹായിയായി പ്രവര്‍ത്തിച്ചതിലുള്ള വൈരാഗ്യമാണ് മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോകാനും മര്‍ദ്ദിക്കാനും കാരണമായതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാള്‍കൂടിയാണ് പിടിയിലാകാനുള്ളത്.