തലശ്ശേരി: പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ. ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളും കോഴിക്കോട്- തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അതേ സമയം കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസ്സുകൾ ഓടുന്നുണ്ട്. കൂടുതൽ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. വടകര, തൊട്ടിൽപാലം, നാദാപുരം, തലശ്ശേരി, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സമരം യാത്രക്കാരെ സാരമായി ബാധിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് പിടികൂടിയിരുന്നു. കെ.സി. ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി തൊട്ടിൽ പാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ നാദാപുരം ഇരിങ്ങണ്ണൂരിലെ കെ. വിഷ്ണുവിനെയാണ് ഒരു സംഘം ആളുകൾ തിങ്കളാഴ്ച ബസിൽ കയറി മർദിച്ചത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിലും ബസുകൾ പണിമുടക്കിയിരുന്നു.
പ്രധാന പ്രതികളായ വിശ്വജിത്ത്, സവാദ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതുവരെ തലശ്ശേരി– തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവീസ് നടത്തില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാർ. സംഭവത്തിൽ 7 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രണ്ട് പേർ അറസ്റ്റിലായി. പ്രധാന പ്രതി നാദാപുരം വെള്ളൂർ ചീക്കിലോട്ടു താഴെക്കുനി വിശ്വജിത്ത് നാദാപുരം സ്റ്റേഷനിൽ എട്ടിലേറെ കേസുകളിൽ പ്രതിയാണ്. നാദാപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും വിശ്വജിത്തുണ്ട്.
കോഴിക്കോട് ∙ കഴിഞ്ഞ ദിവസം പെരങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ചവർക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം. മുന്നറിയിപ്പില്ലാതെ നടത്തിയ സമരം രാവിലെ യാത്രക്കാരെ വലച്ചു. കണ്ടക്ടറെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
കൊയിലാണ്ടി വരെ മാത്രമാണ് ബസുകൾ സർവീസ് നടത്തിയത്. വടകര–തലശ്ശേരി റൂട്ടിൽ കഴിഞ്ഞ ദിവസമുണ്ടായിരുന്ന സമരം വടകര താലൂക്കിലാകെ വ്യാപിപ്പിക്കുകയായിരുന്നു. തലശ്ശേരി റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും പണിമുടക്കിൽ പങ്കെടുത്തു. ഇതോടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളും കോഴിക്കോട് – തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. വടകര തൊട്ടിൽപ്പാലം, നാദാപുരം തുടങ്ങിയ റൂട്ടുകളിലെ യാത്രക്കാരെയും ബസ് സമരം വലച്ചു.