കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാപകടം. മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്.
വളം ചാക്ക് കയറ്റി വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട് ആളുകള്‍ക്ക് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍, കടയുടമ എന്നിവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയില്‍ കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതാണ് അപകട തീവ്രത കുറച്ചത്. പിക്കപ്പ് വാഹനം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.