കോഴിക്കോട്∙ കോഴിക്കോട് സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ പ്രകടനം. യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തിയപ്പോൾ എൽഡിഎഫ് ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സിപിഎമ്മിലെ തലമുതിർന്ന നേതാവായ എളമരം കരീമിനെ പിന്നിലാക്കിയത്. എളമരം കരീം 5941 നേടിയപ്പോൾ എം.ടി.രമേശ് 8,030 വോട്ട് നേടി.
ചരിത്രത്തിലാദ്യമായാണ് എൻഡിഎ എൽഡിഎഫിനെ മറികടന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന് ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇരുവർക്കുമായില്ല. എൻഡിഎ അൽപ്പനേരത്തേക്കെങ്കിലും മുന്നിൽ കയറിയത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത ക്ഷീണമാണ്. പൗരത്വ നിയമം ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്ത മണ്ഡലമാണ് കോഴിക്കോട്. തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ത്രികോണ മത്സരത്തിന്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നിട്ടും എൻഡിഎ എൽഡിഎഫിനേക്കാൾ മുന്നിൽ പോയത് സിപിഎമ്മിൽ വലിയ ചർച്ചകൾക്ക് വഴി വയ്ക്കും.