കോഴിക്കോട്: നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം കക്കം വെള്ളി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) ആണ് മരിച്ചത്. സുലോചന പക്ഷാഘാതത്തിനു ചികിത്സയിൽ ആയിരുന്നു.ഇന്നു പുലച്ചെ 3.50 ന് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, നഴ്സ് ജാഫർ എന്നിവരും ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ ആംബുലൻസിൽനിന്നു റോഡിലേക്ക് തെറിച്ചുവീണു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രന്റെ നില ഗുരുതരമാണ്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സുലോചനയെ, ഇന്നു പുലർച്ചെ സ്ഥിതി ഗുരുതരമായതിനാൽ ആസ്റ്റർ മിംസിലേക്കു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.