കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യോജിപ്പില്ലെന്ന് ബസ് ഉടമകളുടെ സംഘടന

news image
Jul 15, 2024, 2:34 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കണ്ണൂർ റൂട്ടിലെ മിന്നൽ പണിമുടക്കിനോട് യോജിപ്പില്ലെന്ന് ബസ് ഉടമകളുടെ സംഘടന. ചെറിയ കുറ്റത്തിന് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന രീതി നിർത്തണമെന്നും, ഈ ആവശ്യത്തിൽ തൊഴിലാളികൾക്ക് ഒപ്പമാണെന്നും സംഘടന വ്യക്തമാക്കി. അതേസമയം മിന്നൽ പണിമുടക്ക് പിൻവലിക്കുന്നതിൽ തീരുമാനമായില്ല. നോട്ടീസ് തരാതെയാണ് സമരം ആരംഭിച്ചത്. ഇതിനോട് യോജിക്കാനാവില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.

കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസുകൾ ഇന്ന് രാവിലെയാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. മടപ്പള്ളിയിൽ സീബ്രലൈൻ കടക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥിയെ ഇടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിൽ പ്രതിഷധിച്ചാണ് മിന്നൽ സമരം. നിരവധി സ്വാകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലെ പണി മുടക്ക് യാത്രക്കാരെ സാരമായി വലച്ചു. എന്നാൽ സമരം തങ്ങളുടെ അറിവോടെയല്ലെന്നും, നോട്ടീസ് നൽക്കാത്ത സമരത്തിനോട് യോജിപ്പില്ലെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.

സിഐടിയു, ഐഎൻടിയുസി അടക്കം തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. റോഡുകളും തകർന്നു. ഇത് പരിഹരിക്കണമെന്ന ആവശ്യവും ബസ് ജീവനക്കാർ ഉന്നയിക്കുന്നു. അതേ സമയം മിന്നൽ പണിമുടക്ക് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.ജൂലൈ ഒൻപതിനാണ്  മടപ്പള്ളിയിൽ സീബ്ര ലൈനിൽ വെച്ച് വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബസിനുള്ളിലെ ക്യാമറയിൽ പതിഞ്ർ ദൃശ്യങ്ങളാണ് പുറത്തായത്. മഴ പെയ്തുകൊണ്ടിരിക്കെ സീബ്രാ ലൈനിലൂടെ വിദ്യാര്‍ഥികള്‍ റോഡിന് കുറുകെ കടക്കുന്നതും ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചതെന്ന് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടന്നയുടൻ ബസിലെ ഡ്രൈവര്‍ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ റോഡിലൂടെ പോകുകയായിരുന്ന വാഹനങ്ങളില്‍ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe