കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; നിര്‍ണായക അനുമതി ലഭിച്ചു

news image
Oct 8, 2025, 10:20 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്താൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലാപ്പറമ്പ് – മുത്തങ്ങ ദേശീയ പാത റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഈ മേഖലയിൽ പ്രവൃത്തി നടത്താൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നേരത്തെ അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഉപരിതല മന്ത്രാലയവുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് കോഴിക്കോട് നഗരവികസന പദ്ധതിയുടെ ഭാഗമായി റോഡ് വികസനത്തിന്‌ അനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ദില്ലിയിൽ സന്ദർശിച്ചപ്പോൾ വിഷയം നേരിട്ട് ശ്രദ്ധയിൽപെടുത്തിയിരുന്നെന്നും അനുകൂലമായ മറുപടിയും അന്ന് ലഭിച്ചിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

പദ്ധതിയുടെ ആദ്യ ഘട്ടമായി മാനാഞ്ചിറ – മലാപ്പറമ്പ് സ്‌ട്രെച്ചിൽ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുടെ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe