കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാനസർവീസ് പുനരാരംഭിക്കൽ നീളും. റൺവേ റീ കാർപറ്റിങ് ജോലിക്കു വേണ്ടി പകൽ സമയം റൺവേ അടച്ചിടുന്നത് ഇന്നലെ മുതൽ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതർ. റീ കാർപറ്റിങ് ജോലി പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികൾ ശേഷിക്കുന്നതിനാൽ റൺവേയിലെ നിയന്ത്രണം നീക്കുന്നതു നീളും.
നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടുന്നുണ്ട്. ജനുവരിയിൽ ആരംഭിച്ച റീ കാർപറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബർ വരെ ജോലി പൂർത്തിയാക്കാൻ കാലാവധിയുണ്ട്. മാസങ്ങൾക്കു മുൻപുതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കാനായി.