പൊന്നാനി: കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പൊന്നാനി തേക്കെപ്പുറം പുത്തൻപുരയിൽ ഫൈസൽ (37) ആണ് അറസ്റ്റിലായത്. വിൽപനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എ പിടികൂടി. പൊന്നാനിയിൽ മുമ്പ് ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് പൊലീസ് ക്രൈം സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഫൈസലിനെ വ്യാഴാഴ്ചയാണ് പിടികൂടിയത്.
ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പൊലീസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശത്തെ തുടർന്ന് തിരൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ്, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, മനോജ് സിവിൽ പൊലീസ് ഓഫിസർമരായ കൃപേഷ്, സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നത്, എവിടെ നിന്നാണ് വാങ്ങുന്നത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കും.