പത്തനംതിട്ട: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര് കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന് എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം.