തിരുവനന്തപുരം> ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവും ചെലവും ലാഭിച്ച് കേസ് ഫയലിംഗ് സാധ്യമാക്കുന്നതിനാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്ത് ഇ-ഫയലിംഗ് നടപ്പാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020 മുതല്‍ ഹൈക്കോടതിയിലും ജില്ലാ കോടതികളില്‍ 2022 മുതലും ഇ-ഫയലിംഗ് നടപ്പാക്കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.കോടതി ചെലവുകള്‍ കുറയ്ക്കുവാനും രേഖകള്‍ ഡിജിറ്റലായി സംരക്ഷിക്കുവാനും കഴിയുന്ന ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്.
ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഇ-സേവാ കേന്ദ്രങ്ങളും ഹെല്‍പ്പ് ഡെസ്‌ക്കുകളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍ തുടങ്ങിയവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കിയാണ് ഇ-ഫയലിംഗ് നടത്തിവരുന്നത്.Electronic Filing Rules for Courts (Kerala) 2021 റൂള്‍ 10 പ്രകാരം ഇളവ് ഹര്‍ജികള്‍, മാറ്റിവയ്ക്കല്‍ ഹര്‍ജികള്‍, ജാമ്യാപേക്ഷകള്‍, പകര്‍പ്പ്/കോടതി രേഖകള്‍ക്കുള്ള അപേക്ഷകള്‍, സാക്ഷിപ്പടി ഡെപ്പോസിറ്റ് മെമ്മോ, പ്രോസസ് മെമ്മോ, ചെക്ക് അപേക്ഷകള്‍ തുടങ്ങിയവ കോടതി അനുമതിക്ക് വിധേയമായി ഇ-ഫയലിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം 05.08.2023 മുതല്‍ ഇളവ് ഹര്‍ജികള്‍, കുറ്റസമ്മതം നടത്തുന്ന കേസുകളിലെ വക്കാലത്ത് മെമ്മോറാണ്ടം, ക്രിമിനല്‍ കോടതികളിലെ മുന്‍കൂര്‍ ഹര്‍ജികള്‍/മാറ്റിവയ്ക്കല്‍ അപേക്ഷകള്‍, വാറണ്ട് തിരിച്ചുവിളിക്കല്‍ ഹര്‍ജികള്‍, ജാമ്യക്കാരുടെ പട്ടിക, ജാമ്യത്തിനുവേണ്ടിയുള്ള ഗ്യാരണ്ടറുടെ സത്യവാങ്മൂലം, രേഖകളുടെ പട്ടിക, സമന്‍സ്/അറിയിപ്പ് ഫോമുകള്‍, സാക്ഷ്യപ്പടി ഡെപ്പോസിറ്റ് മെമ്മോകള്‍, പരിശോധനാ അപേക്ഷകള്‍, പ്രോസസ്സ് മെമ്മോകള്‍ തുടങ്ങിയവ ഇ-ഫയലിംഗ് നിര്‍ബന്ധമല്ലാത്തവയോ ഓപ്ഷണലോ ആക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിഭാഷക ഗുമസ്ത സമൂഹത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ല.