കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കുഞ്ഞ് നിരന്തരം ലൈംഗികമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൊല്ലപ്പെടുന്നതിന്റെ ഒരു ദിവസം മുൻപ് വരെ പീഡനത്തിനിരയായി എന്ന വിവരമാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ രക്തപാടുകൾ ഉണ്ടായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായും പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ മൊഴി നൽകിയിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിന് പിന്നാലെ ചെങ്ങമനാട് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.
കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി എന്ന കേസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ വലിയൊരു പീഡനത്തിലേക്ക് മാറുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിപ്പിച്ചിട്ടുണ്ട്.
കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തിൽ പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്.
വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും മൊബൈൽ ഫോണിൽ അത്തരം ദൃശ്യങ്ങൾ ഉള്ളതായും പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റിമാൻഡിലുള്ള കുട്ടിയുടെ അമ്മയായ കുറുമശ്ശേരി സ്വദേശിനിയെ കസ്റ്റഡിയിൽ വാങ്ങാൻ ചെങ്ങമനാട് പൊലീസ് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, കുഞ്ഞിന്റെ മാതാവിന് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് ഇവരുടെ കുടുംബം പറയുന്നത്. എന്നാൽ, ഭർത്താവ് ഇത് നിഷേധിച്ചു. കുഞ്ഞിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയെക്കുറിച്ച് കുടുംബത്തിലെ മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. ഭർതൃവീട്ടുകാരെ വേദനിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് മാതാവിന്‍റെ പ്രാഥമിക മൊഴി.
ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.