കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി

news image
Dec 22, 2025, 9:39 am GMT+0000 payyolionline.in

കൊല്ലം: പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറി എത്തി എസ് ഐയ്ക്ക് നേരെ സി പി എം നേതാവിന്റെ കൊലവിളി. എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ കൊലവിളി. കൊല്ലം കോർപ്പറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐ ആർ.യു.രഞ്ജിത്തിനെതിരെ കൊലവിളി നടത്തിയത്. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു പടിയിറങ്ങിയ അതേ ദിവസമായിരുന്നു നേതാവിന്റെ അതിക്രമം. ശനിയാഴ്ച ഉച്ചയ്ക്ക് 1.56നായിരുന്നു സംഭവം. എസ്ഐ ആർ.യു.രഞ്ജിത്തിന്റെ മുറിയിലേക്കു കയറിയ ശേഷം കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവലും മലരും പഴവും എസ് ഐയുടെ മേശപ്പുറത്ത് നിരത്തിവച്ചു. കാര്യമന്വേഷിച്ച എസ് ഐയോട് ഭീഷണി മുഴക്കി. കയ്യേറ്റത്തിന് ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നത്. സ്റ്റേഷനിലെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമം നടത്തിയെന്നാണ് ആരോപണം.

സംഭവത്തിൽ എം. സജീവിനും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും ഇരവിപുരം പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ബൈക്ക് ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ് ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe