കൊല്ലത്ത് റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്‍; പ്രതികൾ പിടിയിൽ

news image
Feb 22, 2025, 1:30 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ അന്വേഷിക്കുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.

പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു. സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe