പത്തനാപുരം: യാത്രക്കാരനിൽനിന്ന് എ.ടി.എം കാർഡ് തട്ടിയെടുത്തശേഷം വിവിധ എ.ടി.എം കൗണ്ടറുകളിൽനിന്നും രണ്ടര ലക്ഷത്തോളം കവർന്ന കേസിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ കസ്റ്റഡിയിൽ. പത്തനാപുരം സ്റ്റാൻഡിലെ ഡ്രൈവർമാരായ മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (49), പാതിരിക്കൽ കമുകുംകോട്ട് കിഴക്കേക്കര വീട്ടിൽ പ്രഗീഷ് കുമാർ (39) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പത്തനാപുരം ആശുപത്രി ജങ്ഷനിൽ ഈട്ടിവിള പുരയിടത്തിൽ റംഷാദിന്റെ എ.ടി.എം കാർഡ് തട്ടിയെടുത്താണ് ഇവർ പണം കവർന്നത്. രണ്ടാഴ്ച്ചക്ക് മുൻപായിരുന്നു സംഭവം. രാത്രിയിൽ ഓട്ടം വിളിച്ച റംഷാദ് പണം എടുക്കാനായി ഓട്ടോ ഡ്രൈവർ അജി കുമാറിന്റെ പക്കൽ എ.ടി.എം. കാർഡും പിൻ നമ്പറും നൽകി. പണം എടുത്തു നൽകിയ ശേഷം യാത്ര തുടരുന്നതിനിടെ അജികുമാറും സുഹൃത്തായ പ്രഗീഷ്കുമാറും ചേർന്ന് റംഷാദിനെ മർദിച്ച് എ.ടി.എം കാർഡ് കൈക്കലാക്കി റോഡിൽ തള്ളുകയായിരുന്നു.
റംഷാദ് വീട്ടിൽ വിവരം പറയുകയും ഇതനുസരിച്ച് റംഷാദിന്റെ ജ്യേഷ്ഠൻ റഷീദ് പത്തനാപുരം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കഴിഞ്ഞ 11 മുതൽ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 12 എ.ടി.എം. കൗണ്ടറുകളിൽനിന്നും 25 തവണകളായി രണ്ടര ലക്ഷത്തോളം രൂപയാണ് പിൻവലിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എസ്.എച്ച്.ഒ. ആർ. ബിജു പറഞ്ഞു.