കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കൽ; കട പൂട്ടിച്ചു

news image
Apr 23, 2025, 2:06 pm GMT+0000 payyolionline.in

എണ്ണയിൽ പ്ലാസ്റ്റിക്ക് ഉരുക്കി ചേർത്ത് പൊരിപ്പ് പലഹാരം ഉണ്ടാക്കിയിരുന്നവർ പിടിയിൽ. കൊല്ലത്ത് പൊരിപ്പ് ഉണ്ടാക്കുന്ന സംഘത്തെ ആണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്. കൊല്ലം പ്രണവം തിയറ്ററിന് സമീപമാണ് സംഭവം. ഇവിടെനിന്നാണ് നിരവധി കടകളിലേക്ക് പലഹാരം സപ്ലൈ ചെയ്യുന്നത്. കട കൊല്ലം കോർപ്പറേഷൻ പൂട്ടിച്ചു. കട ഉടമയ്ക്കും തൊഴിലാളികൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ​ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ പാചകം നടന്നിരുന്നത്.

യാദ്യശ്ചികമായാണ് നാട്ടുകാരിൽ ചിലർ തിളച്ച എണ്ണയിൽ മാസ്റ്റിക്ക് കവറിട്ട് ഉരുക്കി ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കടയിലെ അതിഥി തൊഴിലാളികൾ എണ്ണയും പാതി ഉരുകിയ കവറും റോഡിൽ ഒഴുക്കി. കട നടത്തുന്ന നൗഫിർ സ്ഥലത്ത് എത്തിയതോടെ ഭിത്തിയിൽ ഒട്ടിച്ചിരുന്ന ലൈസൻസ് കീറി നശിപ്പിച്ചു.

മായം ചേർക്കൽ നിയമ പ്രകാരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കേസെടുത്തു. മഹസർ ഫുഡ് സേഫ്റ്റിക്ക് കൈമാറി. കൊല്ലം റയിൽവേ സ്റ്റേഷനിലെ സ്റ്റാളുകൾക്കും ട്രയിനിലെ വിൽപനയ്ക്കും വടയും പഴം പൊരിയും ഇവിടെ നിന്ന് വിറ്റിരുന്നതായി കണ്ടെത്തി.നഗരത്തിലെ ചില ഹോട്ടലുകൾക്കും വട ഉൾപ്പടെ വിതരണം ചെയ്തിരുന്നു.

പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ വിവിധ തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളാണ് കാന്‍സറിന് കാരണമാകുന്നത്. പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള കാര്‍സിനോജന്‍ വളരെയധികം അപകടകാരിയാണ്. ഇവ ശരീരത്തിനകത്ത് എത്തിയാല്‍ ഡിഎന്‍എയില്‍ തകരാറുകള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഇവ ഭക്ഷണത്തിലൂടെ അകത്ത് ചെന്നാല്‍ മാത്രമാണ് അപകടകാരികളാകുന്നതെന്ന് കരുതേണ്ട. പ്ലാസ്റ്റിക് കത്തുമ്പോള്‍ അതില്‍ നിന്ന് ഉയരുന്ന പുക ശ്വസിച്ചാലും ശ്വാസകോശ അര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍, ഫുറാന്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് എന്നീ വിഷ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. ഈ വിഷ പുക ശ്വാസകോശ അര്‍ബുദം, ആസ്‌ത്‌മ തുടങ്ങിയ വലിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe