കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ കൊയിലാണ്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് പരിഗണിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വിവിധ റൂട്ടുകളിലൂടെ വഴിതിരിച്ചുവിടാനാണ് പോലീസ് തീരുമാനം.
കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് കുറ്റ്യാടി വഴിയോ പയ്യോളിയിൽ നിന്ന് പേരാമ്പ്ര വഴിയോ തിരിഞ്ഞുപോകണം. ചെറിയ വാഹനങ്ങൾ നന്തിയിൽ നിന്ന് പുതിയ ബൈപ്പാസിലൂടെ പ്രവേശിച്ച് ചെങ്ങോട്ടുകാവ് വഴി യാത്ര തുടരണം. കോഴിക്കോട് ഭാഗത്തുനിന്നും വടകരയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂളാടിക്കുന്നിൽ നിന്ന് കുറ്റ്യാടി റോഡിലേക്കോ കൊയിലാണ്ടിയിൽ നിന്ന് റെയിൽവേ ഓവർബ്രിഡ്ജ് കയറി ഉള്ള്യേരി-പേരാമ്പ്ര വഴിയോ പോകേണ്ടതാണ്. ചെറുവാഹനങ്ങൾ ചെങ്ങോട്ടുകാവിൽ നിന്ന് ബൈപ്പാസിലേക്ക് കയറി നന്തി വഴി പോകണം. വടകരയിൽ നിന്നുള്ള ലോക്കൽ ബസുകൾ പാലക്കുളത്ത് യാത്രക്കാരെ ഇറക്കി അവിടെനിന്നുതന്നെ തിരിച്ചുപോകണമെന്നും അധികൃതർ അറിയിച്ചു.
