കൊല്ലം ചിറയിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം അളവിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് ചിറയിൽ ഇറങ്ങുന്നതും കുളിക്കുന്നതും താൽകാലികമായി നിരോധിച്ചുകൊണ്ടുള്ള പിഷാരികാവ് ദേവസ്വം അധികൃതരുടെ നടപടി തുടരുവാൻ ദേവസ്വം ഹാളിൽ ചേർന്ന സർവ്വ കക്ഷി യോഗം തീരുമാനിച്ചു. വെള്ളത്തിൻ്റെ വിശദമായ പരിശോധനകളും വിദഗ്ദ അഭിപ്രായങ്ങളും തേടിയ ശേഷം മാത്രം ചിറ തുറന്ന് കൊടുത്താൽ മതിയെന്ന് യോഗത്തിൽ ധാരണയായി.
ചിറയുടെ പരിസരത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധ ശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. ചിറയുടെ സുരക്ഷ ശക്തമാക്കുവാൻ നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കാനും സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്താനും ചിറയുടെ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കാനും, ചിറക്ക് ചുറ്റിലുമായി ലൈറ്റ് സ്ഥാപിക്കുവാനും, സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ അധ്യക്ഷം വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ എ. പി. സുധീഷ്, തസ്‌നിയ ടീച്ചർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, കെ. ദേവദാസ്, കെ.കെ. ഉണ്ണികൃഷ്ണൻ നായർ, എം. ബാലകൃഷ്‌ണൻ, പി.പി. രാധാകൃഷ്‌ണൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. നാരായണൻ, മാനേജർ വി.പി. ഭാസ്ക്‌കരൻ, കെ.കെ. രാകേഷ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ടി. സിജേഷ്, വി.വി. സുധാകരൻ, ഇ.എസ്. രാജൻ, കെ.ചിന്നൻ നായർ, അഡ്വ. ടി.കെ. രാധാകൃഷ്‌ണൻ, പ്രകാശൻ കണ്ടോത്ത്, എം. അജയകുമാർ എന്നിവർ സംസാരിച്ചു.
