പയ്യോളി: പ്രതിഷേധയോഗത്തിൽ കൊലവളി പ്രസംഗം നടത്തിയതിന് സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലിൽ സ്ഥാപിച്ച 24 പതാകകൾ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ആയിരുന്നു തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ കൊലവിളി പ്രസംഗം നടത്തിയത്.
പതാക നശിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരിൽ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഇവർ സജീവ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം പറയുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ ആരെയും വെറുതെ വിടില്ലെന്നും അരിയിൽ ശുക്കൂർ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്’ എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
ഇതിനെതിരെ തിക്കോടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിൽ ആണ് ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ പോലീസ് കേസെടുത്തുത്. തിക്കോടി 13ആം വാർഡ് പുതിയവളപ്പ് മുസ്ലിം ലീഗ് ഓഫീസിന് സമീപം വെച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും മുസ്ലിം ലീഗ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു പരാതി. പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത കളത്തിൽ ബിജുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.