കൊയിലാണ്ടി : കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകൾക്ക് വേണ്ടിയുള്ള വാഹന പരിശോധനയിൽ സ്‌പീഡ് ഗവർണർ പ്രവർത്തനരഹിതമായതായി കണ്ടെത്തി. 35 സ്‌കൂൾ ബസ്സുകൾ പരിശോധിച്ചതിൽ പല ബസ്സുകളിലും സ്‌പീഡ് ഗവർണർ പ്രവർത്തനരഹിതമായി കണ്ടെത്തി. പുതുതായി രജിസ്റ്റർ ചെയ്‌ത ബസ്സുകളിൽപ്പോലും സ്‌പീഡ് ലിമിറ്റിംഗ് ഉപകരണം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. സ്‌പീഡ് ഗവർണർ കൂടാതെ, പല ബസ്സുകളിലും ഹാൻഡ് ബ്രേക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും പല ബസ്സുകളിലും ജിപിഎസ് വിഎൽടിഡി സംവിധാനം സുരക്ഷാ മിത്രയുമായി ടാഗ് ചെയ്‌തിട്ടില്ലെന്നും കണ്ടെത്തി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ഇത്തരം ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ബസ്സുകൾ സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ തകരാറുകൾ പരിഹരിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുൻപാകെ വാഹന പരിശോധനയ്ക്ക് ഹാജരാകേണ്ടതാണ്. കൂടാതെ, 2025 മെയ് 28 ന് കൊയിലാണ്ടി പുതിയ ബൈപ്പാസിൽ വെച്ച് നടത്തുന്ന ഫിറ്റ്‌നസ് പരിശോധനയിൽ കൊയിലാണ്ടി, പയ്യോളി പരിധിയിലുള്ള എല്ലാ ബസ്സുകളും ഹാജരാകേണ്ടതും പരിശോധനയ്ക്ക് ശേഷം ചെക്ക്‌ഡ് സ്റ്റിക്കർ പതിപ്പിക്കേണ്ടതുമാണെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു .