കൊയിലാണ്ടി: മിൽമ ബൂത്തിൽ മറന്നു വെച്ച ഒരു ലക്ഷത്തിൽപരം രൂപയടങ്ങിയ ബാഗ് ഭദ്രമായി കാത്ത് വെച്ച ബൂത്ത് ഉടമക്ക് നന്ദി പറയാൻ ഒടുവിൽ തമിഴ്നാട് സ്വദേശിനിയായ തേൻമൊഴി എത്തി. ദിവസങ്ങൾക്ക് മുമ്പാണ് പുളിയഞ്ചേരി കൊടക്കാട്ടും മുറി വെളിയഞ്ചോട്ടിൽ തേൻമൊഴി എന്ന വീട്ടമ്മ തൻ്റെ പേരമകന് ഓപ്പറേഷൻ ചെയ്യാനുള്ള ഒരു ലക്ഷം രൂപ ബാഗിൽ കരുതി ചെന്നൈ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
കൊയിലാണ്ടിയിലെ ഒരു ബാങ്കിൽ നിന്ന് പണം വാങ്ങി റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ ഷാജുവിൻ്റെ മിൽമ ബൂത്തിൽ നിന്ന് ചായ കുടിച്ചിറങ്ങി എന്നാൽ തൻ്റെ കൈയ്യിലെ ബാഗും പണവും മറന്നു വെച്ചത് വീട്ടമ്മ അറിഞ്ഞില്ല. സ്റ്റേഷനിൽ വെച്ച് ട്രെയിൻ വരാൻ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോഴാണ് തേൻമൊഴി തൻ്റെ കൈയ്യിലെ പ്ലാറ്റിക് ബാഗ് നഷ്ടപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. ഹൃദയം നിലച്ച ഒരു നിമിഷത്തിനിടെ ഓർമ്മ വീണ്ടെടുത്ത തേൻമൊഴി നേരത്തെ ചായ കഴിച്ച മിൽമ ബൂത്തിലേക്ക് ഓടിയെത്തുകയായിരുന്നു.
ഇതിനകം ബൂത്തുടമയായ ഷാജു തൻ്റെ ജോലിത്തിരക്കിനിടയിൽ ശ്രദ്ധയിൽപ്പെട്ട പ്ലാസ്റ്റിക് കവർ ഭദ്രമായി മാറ്റി വെച്ചിരുന്നു. കവറിൽ പണമാണെന്ന കാര്യം ഷാജു അറിഞ്ഞിരുന്നില്ല. പരിഭ്രമിച്ചെത്തിയ കനിമൊഴിയുടെ നിസ്സഹായത തിരിച്ചറിഞ്ഞ് ബാഗ് തിരിച്ചേൽപ്പിച്ച ഷാജുവിനോട് ഒരു നന്ദി വാക്ക് പറയാനുള്ള സമയം പോലും ആ വീട്ടമ്മക്ക് മുമ്പിൽ ഉണ്ടായിരുന്നില്ല. അപ്പോഴേക്കും ചെന്നൈയിലേക്കുള്ള വണ്ടിയുടെ സമയം അടുത്തിരുന്നു. പേരമകൻ്റെ ഓപ്പറേഷന് ശേഷം പലതവണ തേൻമൊഴി നന്ദി അറിയിക്കാൻ ഷാജുവിനെ തേടിയെത്തിയെങ്കിലും കാണാനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ഷാജുവിനെ നേരിട്ട് കണ്ട് തൻ്റെ കടപ്പാട് തീർക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യവുമായാണ് തേൻമൊഴി മടങ്ങിയത്.