കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7-ാം ക്ലാസ് വരെയുള്ള 5000ൽ പരം വിദ്യാർത്ഥികൾക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത് 15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ഓടെ മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിച്ച് സ്കൂൾ പ്രധാന അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.
ഭക്ഷണ വിതരണത്തിൻ്റെ നഗരസഭ തല ഉദ്ഘാടനം കോതമംഗലം ജിഎല്‍പി സ്ക്കൂളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി കൗൺസിലർ വൽസരാജ് കേളോത്ത് സ്കൂൾ പ്രധാന അധ്യാപകൻ പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ ജി.വി.എച്ച്.എസ്.എസ് ൽ കൗൺസിലർ എ.ലളിത ഉൽഘാടനം ചെയ്തു.