താമരശ്ശേരി (കോഴിക്കോട്) : ലഹരി ഉപയോഗിച്ചശേഷം ഭാര്യയെയും എട്ടുവയസ്സുകാരിയായ മകളെയും മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നൗഷാദാണ് അറസ്റ്റിലായത്. കൊലപാതകശ്രമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ലഹരിക്കടിമയായ നൗഷാദിന്റെ മർദനത്തെത്തുടർന്ന് ഭാര്യ നസ്ജ മകളെയും കൊണ്ട് അർധരാത്രിയിൽ വീടുവിട്ടോടിയിരുന്നു. തുടർന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മർദനത്തിൽ നസ്ജയുടെ തലയ്ക്ക് പരുക്കേറ്റു.
മകൾക്ക് തേനീച്ചക്കുത്തേറ്റതിനാൽ നാലു ദിവസമായി മെഡിക്കൽ കോളജിൽ ആയിരുന്നു നസ്ജ. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ചൊവ്വാഴ്ച രാത്രിയാണ് അതിക്രൂരമർദ്ദനമുണ്ടായത്. വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി താമരശ്ശേരി പൊലീസിന് യുവതി മൊഴി നൽകി. വിവാഹം കഴിഞ്ഞകാലം മുതൽ ഭർത്താവ് മർദിക്കുന്നുണ്ടെന്നും അർധരാത്രി വീടുവിട്ടോടിയത് ഏതെങ്കിലും വാഹനത്തിന്റെ മുന്നിൽ ചാടാനായിരുന്നെന്നും യുവതി പറഞ്ഞു.
രാത്രി പത്തുമുതൽ രണ്ടു മണിക്കൂറോളം മർദിച്ചു. കൊടുവാളുമായി വീടിനുചുറ്റും ഭർത്താവ് ഓടിച്ചു. മർദനം തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും പരുക്കേറ്റു. വാഹനത്തിനു മുന്നിൽ ചാടാനാണ് വീടുവിട്ടിറങ്ങിയത്. ഇതുകണ്ട് നാട്ടുകാരിൽ ചിലർ പിടിച്ചുമാറ്റുകയായിരുന്നുവെന്നും നസ്ജ പറഞ്ഞു.