തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവ് അതിക്രൂര മർദനത്തിനിരയായി. ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയം മുറിക്കുകയും ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത നിലയിലാണ്. തുറവൂർ സ്വദേശി സുദർശനനാണ് ക്രൂരതക്കിരയായത്.
ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. നഗ്നനാക്കി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് വിവരം.
ശരീരത്തിലാകമാനം കത്തികൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ അണുബാധയുമുണ്ട്. അക്രമത്തിന് പിന്നിലാരാണെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്ന് സുദർശന്‍റെ സഹോദരൻ പറഞ്ഞു.
സ്വത്ത് തർക്കത്തെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസടക്കം, ഒമ്പത് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
