കൊടുംക്രൂരതക്ക് മുമ്പേ അനുജന് ഇഷ്ട ഭക്ഷണമായ മന്തി വാങ്ങി നൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരം

news image
Feb 24, 2025, 5:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.

എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. കൊല്ലപ്പെട്ട പെൺസുഹൃത്ത് ഫർസാന ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അഫാന്റെ വീട്ടിലെത്തിയത്. ഇവർ തമ്മിലുള്ള ബന്ധത്തിലും അഭ്യൂഹത നിലനിൽക്കുന്നുണ്ട്. രണ്ടിടത്ത് കൊലപാതകം നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം ​വീട്ടിലെ ​ഗ്യാസ് തുറന്നിട്ടു.

മാരകമായ പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നി​ഗമനം. തലക്കാണ് എല്ലാവർക്കും പരിക്കേറ്റത്. എലിവിഷം കഴിച്ച പ്രതി ചികിത്സയിലാണ്.

കാമുകി തനിച്ചാകുമെന്ന് കരുതിയതിനാൽ അവളെയും കൊലപ്പെടുത്തിയെന്ന് പ്രതി

പ്രതി പിതാവിന്‍റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിങ് വിസയിൽ പോയി തിരിച്ചുവന്നതാണ്. മാതാവ് അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരൻ. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ പിതാവിന് വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയാണ്. ഇത് പൊളിഞ്ഞ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.

നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.താൻ മരിച്ചാൽ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe