പയ്യോളി: ശാസ്ത്ര ചിന്തയെ ജനകീയമാക്കാൻ ജീവിതം സമർപ്പിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം ഒക്ടോബർ 29ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കും.
ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ “ശാസ്ത്ര സാങ്കേതികവിദ്യയും വരുംകാല കേരളവും” എന്ന വിഷയത്തിൽ സംവാദം അരങ്ങേറും. നവീന ശാസ്ത്ര സാങ്കേതികവിദ്യകളെ ജനകീയമായി ഉപയോഗിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യുന്ന ഈ സംവാദത്തിൽ പങ്കാളികൾക്ക് ചോദ്യങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാം.
ശാസ്ത്രാവബോധം വെല്ലുവിളിക്കപ്പെടുകയും കെട്ടുകഥകൾ ശാസ്ത്രമായി വേഷം കെട്ടുകയും ചെയ്യുന്ന കാലഘട്ടത്തിൽ, ശാസ്ത്രീയ ചിന്തയെ സാധാരണക്കാരുടെ സമരായുധമാക്കി മാറ്റിയ കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ ഓർമ്മ ദിനം കൂടുതൽ ജാഗ്രതയുള്ള ഇടപെടലുകൾ ആവശ്യപ്പെടുന്നുവെന്ന് സംഘാടകർ അറിയിച്ചു.
മികവുറ്റ ശാസ്ത്ര പ്രചാരകനായിരുന്ന ശ്രീധരൻ മാസ്റ്റർ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സർഗ്ഗാത്മകമായ ജീവിതത്തെ അനുസ്മരിക്കുന്നതിനും, സമൂഹ വിഷയങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദർശനത്തെ സമകാലീന സാഹചര്യത്തിൽ പരിചിന്തനം ചെയ്യുന്നതിനുമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ എ.ശശിധരൻ മണിയൂർ, അജയ് ബിന്ദു, സുരേഷ് എം.സി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.

