കൊച്ചി വാട്ടർ മെട്രോ; സ്റ്റേഷനുണ്ട്, ബോട്ടില്ല, കാത്തിരുന്ന് കാത്തിരുന്ന് മടുത്തെന്ന് നാട്ടുകാർ

news image
Jan 31, 2024, 3:59 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി വാട്ടർ മെട്രോ നാല് സ്റ്റേഷനുകളുടെ പണി പൂർത്തിയായിട്ടും സർവ്വീസ് തുടങ്ങാൻ വൈകുന്നു. കൊച്ചി നഗരത്തിൽ നിന്ന് ദ്വീപ് മേഖലകളിലേക്കുള്ള സർവ്വീസുകളാണ് ബോട്ട് ഇല്ലാത്തതിനാൽ തുടങ്ങാത്തത്. മെയ് മാസത്തിനുള്ളിൽ ഇനി നൽകാനുള്ള 11 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പൽശാലയുടെ പ്രതികരണം.

 

 

ആറ് മാസത്തിനുള്ളിൽ 10 ലക്ഷം യാത്രക്കാരുമായി ഹിറ്റായ വാട്ടർ മെട്രോ. ഒൻപത് സ്റ്റേഷനുകൾ തയ്യാറെങ്കിലും സർവ്വീസ് ഉള്ളത് അഞ്ചിടത്ത് മാത്രം. നഗരത്തിൽ നിന്ന് ദ്വീപ് ഗ്രാമങ്ങളിലേക്കുള്ള വാട്ടർ മെട്രോ സർവ്വീസുകളാണ് സ്റ്റേഷൻ തയ്യാറായിട്ടും തുടങ്ങാത്തത്. ചിറ്റൂർ, മുളവുകാട്, ഏലൂർ, ചേരാനെല്ലൂർ സ്റ്റേഷനുകൾ തയ്യാറാണ്. പക്ഷേ ബോട്ട് മാത്രമില്ല.

 

 

കൊവിഡ് ആയിരുന്നു ആദ്യ കാരണം. പിന്നീട് സ്റ്റേഷനുകളുടെ സ്ഥലമേറ്റെടുപ്പിൽ തട്ടി മാസങ്ങൾ നീണ്ടു. ഒടുവിൽ ഫണ്ടും കിട്ടി സ്റ്റേഷൻ പണിതിട്ട് മാസങ്ങളുമായി. കഴിഞ്ഞ മാസത്തിനുള്ളിൽ 17 ബോട്ടുകൾ എങ്കിലും കൈമാറുമെന്നായിരുന്നു ധാരണ. എന്നാൽ 23 ബോട്ടുകൾക്ക് പകരം ഇതുവരെ കപ്പൽശാല കൈമാറിയത് 12 എണ്ണം മാത്രം. കാത്തിരുന്ന് മടുത്തെന്ന് നാട്ടുകാർ പറയുന്നു.

 

 

ഫോർട്ട് കൊച്ചി, കുമ്പളം, വില്ലിങ്ടൺ വാട്ടർ മെട്രോ സ്റ്റേഷനുകളുടെയും നിർമ്മാണം വേഗത്തിൽ തുടരുന്നു. ബോട്ടുകൾ കിട്ടിയാൽ ഉടൻ ചിറ്റൂരിലേക്ക് സർവ്വീസെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. ഒരു ബോട്ട് ഉടനെന്നും അടുത്ത മാസം രണ്ടെണ്ണവും മെയ് മാസത്തിനുള്ളിൽ ആദ്യഘട്ടത്തിൽ നൽകേണ്ട 23 ബോട്ടുകളും കൈമാറുമെന്നാണ് കൊച്ചി കപ്പൽശാലയുടെ പ്രതികരണം. കൊച്ചിൻ കപ്പൽശാലയിൽ നിന്ന് അയോധ്യയിലേക്ക് കഴിഞ്ഞ മാസം ബോട്ടുകൾ കൈമാറിയിരുന്നു. എന്നാൽ കൊച്ചി വാട്ടർ മെട്രോയ്ക്കായി നിർമ്മിച്ച ബോട്ടുകൾ അല്ല അയോധ്യയിലേക്ക് അയച്ചതെന്നാണ് കൊച്ചി കപ്പൽശാലയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe