നിലവിലുള്ള യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. വരുമാനത്തിൽ കൂടുതൽ വർധനവ് ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗതം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ മെട്രോ നീക്കം നടത്തുന്നത്. ചെറുകിട ബിസിനസുകാർക്കും, കച്ചവടക്കാർക്കും നഗരത്തിലുടനീളം അവരുടെ ചരക്കുകൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലുള്ള ലഘു ചരക്ക് ഗതാഗതമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് കൊച്ചി നഗരം ആശ്രയിക്കുന്നത്.
ഇതിന്റെ പരിമിതികളെ മറികടക്കാൻ മെട്രോയുടെ ചരക്ക് നീക്ക പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ യാത്രാനുഭവത്തെ പ്രതികൂലമായി ബാധിക്കാതെയാവും ഇത് നടപ്പാക്കുകയെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ വ്യക്തമാക്കി.