കൊച്ചി മെട്രോ സ്റ്റേഷൻ നിർമാണത്തിനിടെ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപ്പെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം

news image
Dec 19, 2024, 1:58 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷൻ നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലുവ സ്വദേശിയായ അഹമ്മദ് നൂർ(28) ആണ് കാക്കനാട് മരിച്ചത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപ്പെട്ടായിരുന്നു അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

 

അഹമ്മദ് നൂർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെ.എംആര്‍എല്‍ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം കെഎംആര്‍എല്‍ നല്‍കും. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കും. ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആഭ്യന്തര അന്വേഷണവും കെഎംആർഎൽ നടത്തും.
അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കും. ഇതിനായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പ്രൊജക്ട് വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ വര്‍ക്ക് സൈറ്റുകളിലും നേരിട്ട് പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുകയും അപകടസാധ്യത ഇല്ലാതാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും കെഎംആർഎൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe