കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. കാക്കനാട് സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് ജീവനക്കാരനായ അനിൽകുമാറിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ജയശ്രീക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ അമ്പാടിമൂലയിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ വെച്ചായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിലെ താമസക്കാരിയായ ജയശ്രീക്ക് ആക്രമണത്തിൽ മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റു. അടിയന്തരമായി പ്രദേശവാസികൾ ചേർന്നാണ് ഇവരെ കാക്കനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതിയെ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
